തിരുവനന്തപുരം:അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയെ അധിക്ഷേപിച്ച സർക്കാർ ഉദ്യോഗസ്ഥൻ എ. പവിത്രനെതിരെ കർശന നടപടി എടുക്കാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകി. ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി ഈ നിർദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടമായി പവിത്രന് മെമ്മോ നൽകിയതിന് ശേഷം, അദ്ദേഹത്തിന്റെ വിശദീകരണം പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കും.
വെള്ളരിക്കുണ്ട് ഡെപ്യൂട്ടി സൂപ്രണ്ടായ പവിത്രൻ നിലവിൽ സസ്പെൻഷനിലാണ്. സർവീസ് റൂൾസ് പ്രകാരമുള്ള ശിക്ഷാ നടപടികൾ തുടരും. ഫേസ്ബുക്കിൽ രഞ്ജിതയ്ക്കെതിരെ ജാതിവിരുദ്ധവും സ്ത്രീവിരുദ്ധവുമായ അധിക്ഷേപണം പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് പവിത്രനെതിരെ നടപടി ആരംഭിച്ചത്. പിന്നീട് ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുത്ത് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. മനുഷ്യത്വരഹിത നടപടി എന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിനുമുമ്പ്, മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിൽ അപമാനിച്ചതിന് പവിത്രൻ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു.