കോവിഡ്19: കുവൈറ്റിൽ ടാക്സി സർവീസുകൾ നിർത്തി; പ്രതിസന്ധിയിൽ തൊഴിലാളികൾ

0
8
taxi

കുവൈറ്റ്: പൊതുഗതാഗത സംവിധാനങ്ങൾക്ക് പിന്നാലെ കുവൈറ്റിൽ ടാക്സി സര്‍വീസുകളും നിർത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ടാക്സി സർവീസുകളും നിർത്തി വച്ചത്. സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം ആണ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തെ ടാക്സി സർവീസുകൾ നിർത്തി വയ്ക്കുകയാണെന്ന വിവരം അറിയിച്ചത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നേരത്തെ തന്നെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തി വച്ചിരുന്നു. ആ സാഹചര്യത്തിൽ സാധാരണക്കാരും തൊഴിലാളികളും അടക്കം ആശ്രയിച്ചിരുന്നത് ടാക്സികളെയാണ്. ആ സർവീസുകൾ കൂടി നിർത്തിയതോടെ ജനജീവിതം കൂടുതൽ സ്തംഭിക്കും.

ഇതിന് പുറമെ ടാക്സി വിലക്ക് രൂക്ഷമായി ബാധിക്കുക സാധാരണക്കാരായ ഡ്രൈവർമാരെയാണ്. രാജ്യത്തെ ടാക്സി ഡ്രൈവർമാരിൽ ഭൂരിഭാഗവും മലയാളികൾ അടക്കമുള്ള പ്രവാസികളാണ്. വരുമാനം നിലയ്ക്കുന്നതോടെ കടുത്ത പ്രതിസന്ധികളാകും ഇവർക്ക് നേരിടേണ്ടി വരിക.