കുവൈത്ത് സിറ്റി: വിസ കാലാവധി പുതുക്കാൻ ആവാതെ വിദേശത്ത് കുടുങ്ങിപ്പോയ അധ്യാപകരുടെ കാലഹരണപ്പെട്ട വിസ പുതുക്കി നൽകുന്നതിന് അനുകൂല നിലപാടുമായി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകർക്ക് പുതിയ എൻട്രി വിസ നൽകുന്നത് നിയമപരമായി മികച്ച പ്രശ്ന പരിഹാരമാണ്. വിദ്യാഭ്യാസ മന്ത്രാലയം നിലവിൽ ആവശ്യമുള്ള പ്രത്യേക വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് പുതിയ വിസ നൽകും. അതിനനുസരിച്ച് നടപടിക്രമങ്ങൾ അവരെ അറിയിക്കുന്നതായിരിക്കും.അധ്യാപകർ കുവൈത്തിന് പുറത്തുള്ളപ്പോൾ അവരുടെ കാലഹരണപ്പെട്ട വിസ ഓൺലൈനിൽ പുതുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന് അധികാരമില്ല. സ്വദേശത്ത് പോയ പ്രവാസി അധ്യാപകരിൽ നിരവധി പേർക്ക്, നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതിനാൽ തിരിച്ചെത്താനായിരുന്നില്ല. ആർട്ടിക്കിൾ 17 വിസ പുതുക്കുന്നതിന് ഇവർ രാജ്യത്തിന് പുറത്തുള്ളതും ആഭ്യന്തര മന്ത്രാലയത്തിന് പുതുക്കൽ ഫീസ് അടയ്ക്കുന്നതും ഒരു തടസ്സമാണ്, അതേസമയം യം ഇവർക്ക് ചില ഇളവുകൾ അനുവദിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.