കോട്ടയം:കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ സമയത്തിനകമാണ് മരിച്ചത്. അപകടം നടന്ന് രണ്ടരമണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. പതിനാലാം വാർഡിലെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.
രാവിലെ 11 മണിയോടെയാണു പതിനാലാം വാർഡിന്റെ ഒരു ഭാഗം തകർന്നത്. 14-ാം വാർഡിന്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് മന്ത്രിമാരായ വീണാ ജോർജും വി എൻ വാസവനും പറഞ്ഞത്. അതേസമയം രക്ഷാപ്രവർത്തനം വൈകിയെന്നും വലിയ വീഴ്ച സംഭവിച്ചുവെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) ആണ് പരുക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശി ത്രേസ്യാമ്മയുടെ കൂടെ ബൈ സ്റ്റാൻഡറായി നിൽക്കുകയായിരുന്നു അലീന. 10,11,14 വാർഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടൻ ഒഴിപ്പിച്ചു.