ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേകം സമിതി

0
108

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പിലാക്കുന്നതിനായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച രാഷ്ട്രീയ പാർട്ടി അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ 21 പാർട്ടി നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ യോഗത്തിൽ നിന്നും വിട്ടുനിന്നു.

രാജ്യത്താകെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുന്നതിനെ ക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാർലിമെന്റിൽ പ്രാധിനിത്യം ഉള്ള പാർട്ടികളുടെ അദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചത്. പാർലമെന്റ് ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്‍നായിക് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, കൂടാതെ അകാലിദൾ , പിഡിപി, എൻസിപി, മുസ്ലീം ലീഗ്, സിപിഎം തുടങ്ങി വിവിധ പാർട്ടി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ആശയത്തെ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടി നേതാക്കളും പിന്തുണച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശയം നടപ്പാക്കുന്നതിനെക്കുറിച്ച് സിപിഎമ്മിനും സിപിഐയ്ക്കും വ്യത്യസ്ത നിലപാടാണുള്ളത്. എന്നാല്‍ അവർ ആശയത്തെ എതിര്‍ത്തില്ല.