പൗരത്വ നിയമ ഭേദഗതി; ആശങ്ക വേണ്ടെന്ന് കേരള ഗവര്‍ണർ

0
7
kerala governor

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തി‌ല്‍‌ ആശങ്കപ്പെടാനില്ലെന്നും ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കൂടുതൽ ഒന്നും പറയാൻ തയ്യാറാകാത്ത ഗവർണർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആർക്കും ആകില്ലെന്നാണ് അറിയിച്ചത്.

സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും അധികാരപരിധി ഭരണഘടനയിൽ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഭരണഘടനയ്ക്കുള്ളിൽ നിന്നു കൊണ്ടു മാത്രമെ പ്രവർത്തിക്കാനാവൂ. ഇന്ത്യയുടെ ഭരണഘടനയിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിലും വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഇത്തരത്തിൽ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് ഗവർണറുടെ പ്രതികരണം.