കുവൈറ്റ് സിറ്റി: കർഷകരുടേയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ച സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തിൽ നികത്താൻ ആവാത്ത നഷ്ടമാണെന്നും സഖാവിന്റെ ആകസ്മികമായ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരി ഇന്നലെയാണ് അന്തരിച്ചത്.1974 ൽ ജെ എൻ യു വിലെ പഠന സമയത്ത് എസ് എഫ് ഐയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.
അടിയന്തരാവാസ്ഥയുടെ ഭീകരതയെ നിർഭയം നേരിട്ട വിപ്ലവകാരിയായ വിദ്യാർത്ഥിയിൽ നിന്നും രാജ്യമാകെ ബഹുമാനിക്കുന്ന സമുന്നതനായ കമ്മ്യൂണിസ്റ്റ് നേതാവായി വളർന്ന സീതാറാം യെച്ചൂരിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടുകളിലൊന്നാണ്.1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും വിശാഖപട്ടണത്ത് 2015ൽ നടന്ന 21-ാം പാർടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
































