കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് ഉയർന്ന പരിധി നിശ്ചയിക്കാനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരാൻ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കുവൈത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് സ്ഥാപന തലവൻ ഖാലിദ് അൽ ദഖ്‌നാൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുവൈത്താണ് ഏറ്റവും കുറഞ്ഞ റിക്രൂട്ട്‌മെന്റ് നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്, അതേസമയം മറ്റ് രാജ്യങ്ങൾ വളരെ ഉയർന്ന നിരക്കാണ് ഈടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ ഓഫീസുകൾ കുവൈത്തിലേക്ക് നൽകുന്നത് അവിദഗ്ധരായ തൊഴിലാളികളെയാണ്. മറ്റ് രാജ്യങ്ങൾ ഇവർക്ക് വളരെ ഉയർന്ന തുക നൽകുന്നതിനാലാണിത്. ഈയൊരു സാഹചര്യത്തിൽ വിദഗ്ധരായ ഗാർഹിക തൊഴിലാളികളെ നൽകാൻ അവർ വിസമ്മതിക്കുകയും പകരം പരിശീലനം ലഭിക്കാത്ത തൊഴിലാളികളെ നൽകുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്മെൻറ് ഫീസ് നിർണയവുമായി ബന്ധപ്പെട്ട ഫെഡറേഷന്റെ അഭിപ്രായം വാണിജ്യ മന്ത്രാലയം പരിഗണിക്കാത്തത് തങ്ങളെ അത്ഭുതപ്പെടുത്തിയതായും അൽ ദഖ്‌നാനെ പറഞ്ഞു..