മലപ്പുറം : മലപ്പുറം കിഴിശ്ശേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു. കീഴിശ്ശേരി ബാലത്തുപുറായയിൽ വെച്ചാണ് സംഭവം. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് ആളുകൾക്കാണ് കടിയേറ്റത്.
പരിക്കേറ്റവരെ ഉടൻതന്നെ കീഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
ആക്രമണ ശേഷം നായ മഞ്ചേരി റോഡ് ഭാഗത്തേക്ക് നീങ്ങിയതായും വിവരമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് റോഡിന് കുറുകെ ഓടിയ തെരുവ് നായയെ ഇടിച്ച് ഒരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു.
പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ. തെരുവ് നായകളുടെ എണ്ണം വർധിക്കുന്നതും അവയുടെ അക്രമാസക്തമായ സ്വഭാവവും പ്രദേശത്തുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.