രാഘോപൂരിൽ 14,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് തേജസ്വി യാദവ്

0
30

പട്‌ന: ആദ്യം അടിപതറിയെങ്കിലും രാഘോപൂരില്‍ പൊരുതി നേടി തേജസ്വി യാദവ്. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം കനത്ത പരാജയം നേരിടുമ്പോള്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്.

ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാറിനെ 14,532 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തേജസ്വി പരാജയപ്പെടുത്തിയത്. 1,18,597 വോട്ടുകളാണ് തേജസ്വി ആകെ നേടിയത്. സതീഷ് കുമാർ നേടിയതാകട്ടെ 1,04,065 വോട്ടുകളും.

രാഘോപൂരിൽ മൂന്നാം തവണയാണ് തേജസ്വി വിജയം കൊയ്യുന്നത്. ലാലു കുടുംബത്തിന്റെ ശക്തി കേന്ദ്രമായ രാഘോപൂരില്‍ തേജസ്വി യാദവ് പിന്നോട്ട് പോയത് മഹാസഖ്യത്തിന് വലിയ ആശങ്കയായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

യാദവ കുടുംബത്തിന്റെ കോട്ടയായ രാഘോപൂരില്‍ നിന്നാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തേജസ്വി യാദവ് ജയിച്ചത്. മുന്‍പ് പിതാവ് ലാലു പ്രസാദും മാതാവ് റാബ്രി ദേവിയും മത്സരിച്ച് മുഖ്യമന്ത്രിമാരായതും ഇതേ മണ്ഡലത്തില്‍ നിന്നാണ്. 2015ലെ തെരഞ്ഞെടുപ്പില്‍ 22,733 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തേജസ്വിയുടെ വിജയം. 2020-ല്‍ ഇത് 38,174 ആയി ഉയര്‍ന്നു. 2020-ല്‍ തേജസ്വിയോട് പരാജയപ്പെട്ട അതേ സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ തന്നെയായിരുന്നു ഇത്തവണയും എതിരാളി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തേജസ്വി മുന്നിട്ട് നില്‍ക്കുകയും പിന്നീട് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

അതേസമയം ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മഹാസഖ്യം ഉന്നയിച്ച വോട്ടുകൊള്ള ആരോപണവും തൊഴിലില്ലായ്മയും ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഫലം കണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും മനസിലാക്കാനാവുന്നത്. ബിഹാറില്‍ മഹാസഖ്യം ഏറ്റവും ആദ്യം പ്രചാരണത്തിന് ഇറങ്ങിയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയമുള്‍പ്പെടെയുള്ള നേതാക്കള്‍ വലിയ പ്രചരണ പരിപാടികളുമായി രംഗത്തെത്തിയെങ്കിലും ഇതൊന്നും മഹാസഖ്യത്തെ പിന്തുണച്ചില്ല. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയും കടന്ന് പോയിരുന്നു. എന്നാല്‍ ഇവിടങ്ങളിലും സീറ്റ് നിലനിര്‍ത്താന്‍ സഖ്യത്തിനായില്ല.

മഹാസഖ്യം അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി എന്ന വലിയ വാഗ്ദാനവും ബിഹാറിലെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇതും പ്രതിഫലിപ്പിക്കാന്‍ സഖ്യത്തിനായില്ല. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി തേജസ്വി പിടിച്ചടക്കിയിരുന്ന രാഘോപൂര്‍ കൈപ്പിടിയിലൊതുക്കാന്‍ തേജസ്വി യാദവിന് കഴിഞ്ഞു.