ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തുന്നതിന് മുഖ്യമന്ത്രിക്ക് കേന്ദ്രസർക്കാർ അനുമതി

0
52

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്ര സര്‍ക്കാർ അനുമതി നൽകി. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നൽകിയത്. ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് നേരത്തെ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു. വീണ്ടും നൽകിയ അപേക്ഷയിലാണ് അനുമതി നൽകിയത്. ഈ മാസം 16 മുതൽ നവംബർ 9വരെ വിവിധ ഘട്ടങ്ങളായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രിക്ക് അനുമതി. സൗദി അറേബ്യ ഒഴികെയുള്ള രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനാണ് അനുമതി.

ഈ മാസം 16ന് ബഹ്റൈനിൽ നിന്ന് പര്യടനം ആരംഭിക്കും. മലയാള ഭാഷയുടെ പ്രചാരണത്തിനായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാളോത്സവം ഉൾപ്പെടെ നിരവധി പ്രധാന പരിപാടികളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രവാസി മലയാളികളുമായി നേരിട്ടുള്ള സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

ബഹ്റൈനിൽ 16ന് എത്തുന്ന മുഖ്യമന്ത്രി 17 മുതല്‍ 19 വരെ സൗദി അറേബ്യയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്.  ദമാമിലും ജിദ്ദയിലും റിയാദിലും പരിപാടികൾ നിശ്ചയിച്ചിരുന്നുവെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല.

ഒമാനിലെത്തുന്ന മുഖ്യമന്ത്രി 24, 25 തീയതികളിൽ മസ്ക്കറ്റിലും സലാലയിലും പരിപാടികളിൽ പങ്കെടുക്കും. 30ന് ഖത്തറിലും നവംബർ 7ന് കുവൈറ്റിലും നവംബർ 9ന് അബുദാബിയിലും പര്യടനം നടത്തും.