കുവൈത്ത് സിറ്റി: ഇന്ത്യക്കാരായ പ്രവാസികളുടെ കുവൈത്തിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും കുവൈറ്റിലേക്ക് വൈകാതെ തന്നെ പ്രവേശനം അനുവദിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യമേഖല ജീവനക്കാരും ഉൾപ്പെടെയുള്ള ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ ഉന്നയിച്ചു . യോഗത്തിൽ ഇന്റർനാഷണൽ ഹെൽത്ത് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഡോ. റെഹാബ് അൽ വതിയൻ പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള എല്ലാ പ്രവാസികൾക്കും കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനം സംബന്ധിച്ച നടപടിക്രമങ്ങളും വരും ദിവസങ്ങളിൽ പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.





























