ഡൽഹി:ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ കനത്ത മഴയും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലെടുത്ത കൊടുങ്കാറ്റും വൻനാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു പൊലീസ് ACP ഓഫീസിന്റെ മേൽക്കൂര തകർന്നുവീണ് സബ് ഇൻസ്പെക്ടർ വീരേന്ദ്ര മിശ്ര മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് റൂറൽ ഡി.സി.പി. സുരേന്ദ്ര നാഥ് ത്രിപാടി അറിയിച്ചു .
ഡൽഹിയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായതോടെ റോഡ് ഗതാഗതം തടസ്സപ്പെട്ടു. സഫ്ദർജംഗിൽ 5 മണിക്കൂറിനുള്ളിൽ 81.3 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 100-ലധികം വിമാന സർവീസുകൾ റദ്ദാക്കി. നാല് സംസ്ഥാനങ്ങളിലായി 200-ലേറെ വിമാനങ്ങളുടെ പ്രവർത്തനം മഴയും കാറ്റും കാരണം തടസ്സപ്പെട്ടു. ശനിയാഴ്ച 11:30 മുതൽ ഞായറാഴ്ച വൈകീട്ട് 4 വരെ 49 വിമാന സർവീസുകൾ മാറ്റിവെക്കപ്പെട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.
കൊടുങ്കാറ്റ് കാരണം നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഡൽഹിയിലെ ഐ.ടി.ഒ, മിന്റോ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചിരുന്നു.





























