തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചുവെന്നും ഇനി സമാധാനം മാത്രമേ വേണ്ടുവെന്നും ശശി തരൂർ എംപി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
“ഇന്ത്യൻ ടൂറിസ്റ്റുകളെ ഭീകരർ കൊലപ്പെടുത്തിയതിന് മറുപടി കൊടുക്കാതിരിക്കാൻ കഴിയില്ലായിരുന്നു. ഇത്തരമൊരു തീരുമാനം എടുത്തതിൽ ഭാരതം അഭിമാനിക്കുന്നു. ഞാൻ ഇതിന് പൂർണ്ണമായും പിന്തുണ നൽകുന്നു. ഇതിന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളുണ്ട്: ഒന്ന്, സർക്കാർ സ്ഥാപനങ്ങളോ സൈനിക കേന്ദ്രങ്ങളോ ഇന്ത്യ ആക്രമിച്ചിട്ടില്ല; രണ്ട്, നിരപരാധികളെ ബാധിക്കാതിരിക്കാൻ ഈ ഓപ്പറേഷൻ രാത്രിയിലാണ് നടത്തിയത്,” എന്ന് അദ്ദേഹം വ്യക്തമാക്കി.
“ഇന്ത്യ ആക്രമിച്ചത് ഭീകര കേന്ദ്രങ്ങളെ മാത്രമാണ്, സാധാരണക്കാരെയോ സ്ഥാപനങ്ങളെയോ അല്ല. സൈന്യം തിരിച്ചടിച്ച സ്ഥലങ്ങൾ ലഷ്കർ-ഇ-തോയ്ബയുടെ ആസ്ഥാനങ്ങളാണെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. പൊതുജനങ്ങൾക്ക് യാതൊരു ദോഷവും വരാതെയാണ് ഈ പ്രത്യാക്രമണം നടത്തിയത്,” എന്ന് അദ്ദേഹം വിശദീകരിച്ചു.
“സർക്കാർ എടുത്ത ഈ നീക്കം ഗൗരവമർഹിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ദേശീയ ഐക്യം അത്യാവശ്യമാണ്. ‘ഹിറ്റ് ഹാർഡ്, ഹിറ്റ് സ്മാർട്ട്’ എന്ന നയം ഇവിടെ പ്രയോഗിച്ചു. ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യംവച്ച ഈ പ്രവർത്തി അഭിമാനകരമാണ്. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യ ഒരു ദീർഘയുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്,” എന്ന് ശശി തരൂർ പറഞ്ഞു.

































