ന്യൂഡൽഹി: അപ്രതീക്ഷിതമായി രാജിവെച്ച മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. രാജിവെച്ച് 42 ദിവസങ്ങൾക്ക് ശേഷമാണ് ധന്‍കര്‍ ഔദ്യോഗിക വസതിയൊഴിഞ്ഞത്. തുടർന്ന് അദ്ദേഹം ഡൽഹിയിലെ ഒരു സ്വകാര്യ ഫാംഹൗസിലേക്ക് മാറിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ നാഷണൽ ലോക് ദൾ നേതാവ് അഭയ് ചൗട്ടാലയുടെ ഫാംഹൗസിലേക്കാണ് ധന്‍കര്‍ മാറിയതെന്നാണ് വിവരം. ദക്ഷിണ ഡൽഹിയിലെ ഗദയ്പുർ പ്രദേശത്താണ് ഈ ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ മാസം 21നായിരുന്നു ധന്‍കര്‍ രാജിവെച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കുന്നുവെന്നായിരുന്നു വിശദീകരണം. രാജിക്ക് പിന്നാലെ ധന്‍കറിനെ കാണാനില്ലെന്ന് പറഞ്ഞ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും ശിവസേന നേതാവും സഞ്ജയ് റാവത്തും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ധൻകറിന്റെ പൊടുന്നനെയുള്ള രാജിക്ക് കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ധൻകർ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ധന്‍കറിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒൻപതിനാണ് നടക്കുക. മുതിര്‍ന്ന ബിജെപി നേതാവ് സി പി രാധാകൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെയാണ് ഇന്‍ഡ്യാ മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.