അന്താരാഷ്ട്ര നിലവാരത്തിൽ മരുന്നുകൾ പ്രാദേശികമായി നിർമ്മിക്കാൻ ഒരുങ്ങി കുവൈത്ത്

0
42

കുവൈത്ത് സിറ്റി:   ഔഷധ സപ്ലൈയുമായി ബന്ധപ്പെട്ട്  പ്രാദേശിക വിപണിയുടെ ആവശ്യം നിറവേറ്റുന്നതിനായി മരുന്നുകൾ പ്രാദേശികമായി ഉത്പാദിപ്പിക്കാൻ ഒരുങ്ങി കുവൈത്ത് ആരോഗ്യമന്ത്രാലയം.  അന്താരാഷ്ട്ര കമ്പനിയായ അബോട്ട് ലബോറട്ടറീസുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിൻറെ ഭാഗമായി  കുവൈത്ത് സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസും (കെഎസ്പി) മെസ്സാൻ ഹോൾഡിംഗും തമ്മിൽ സംയുക്ത  കരാരിൽ ഒപ്പുവച്ചു. 26 മരുന്നുകൾ പ്രാദേശികമായി നിർമ്മിക്കാനാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്ത് ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റുക, കുവൈത്തിനെ മിഡിൽ ഈസ്റ്റിലെ ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി മാറ്റുക, പുതിയ സംരംഭത്തിലൂടെ നിർമ്മിക്കുന്ന  മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെയും ഗുണനിലവാരത്തിന് വലിയ പ്രാധാന്യം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്ന്  ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു.

ഒരു അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനി കുവൈത്തിൽ നിക്ഷേപം നടത്തിക്കൊണ്ടുള്ള  ഈ പങ്കാളിത്തം രാജ്യത്തിന് സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ് എന്നും മന്ത്രി പറഞ്ഞു. കുവൈത്ത് ആരോഗ്യ മന്ത്രാലയവും യുഎസ് എംബസിയും കരാറിന് സഹായവും പിന്തുണയും നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി