‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഒടിടിയിൽ തന്നെ റിലീസ് ചെയ്യും

0
113

കൊച്ചി: ആരാധകർ ഏറെ നാളായി കാത്തിരുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ഒടിടിയിൽ തന്നെ റിലീസ് ചെയ്യും. ചിത്രത്തിൻറെ റിലീസ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ആയിരിക്കുമെന്ന് ഫിലിം ചേംബർ. തീയേറ്റർ ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ലെന്നും ചർച്ചകൾ വിഫലമായെന്നും ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തീയേറ്ററുടമകള്‍ അംഗീകരിച്ചിരുന്നില്ല. സിനിമയുടെ റിലീസിന് ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും നേരത്തെ ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.