ന്യൂഡൽഹി:ഓപ്പറേഷൻ സിന്ദൂറിലും പിന്നീട് പാകിസ്ഥാനുമായി ഉണ്ടായ ഏറ്റുമുട്ടലിലും ഇന്ത്യ എത്ര യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. തുടക്കത്തിൽ ഈ സൈനിക നീക്കം ഭീകരതാ കേന്ദ്രങ്ങൾക്കെതിരെ മാത്രമായിരുന്നുവെന്ന് പാകിസ്ഥാനെ അറിയിച്ചുവെന്ന വിദേശമന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം.
ഇന്ത്യയുടെ സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരമാണെന്ന് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ തൻ്റെ ഔദ്യോഗിക ഹാൻഡിലിൽ കുറിച്ചു. എന്നാൽ, ഭീകരതാ കേന്ദ്രങ്ങളെല്ലാം തകർത്ത ശേഷമാണ് സൈനിക നീക്കം അവസാനിപ്പിച്ചുവെന്ന മുന്നറിയിപ്പ് പാകിസ്ഥാന് നൽകിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.