രാഷ്ട്രപതിയുടെ റഫറന്‍സില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. സമയപരിധി നല്‍കാന്‍ സുപ്രീംകോടതിക്ക് കഴിയില്ല. ഓരോ തര്‍ക്കവും വ്യത്യസ്തമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്ന് ഒരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്നും ജസ്റ്റിസ് ബി ആര്‍ ഗവായി പറഞ്ഞു.
ഇന്നാണ് ഗവായ് ചുമതലയൊഴിയുന്നത്. അതിന് മുന്നോടിയായി നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വിരമിച്ച ശേഷം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് പറഞ്ഞു.
ഭരണഘടനയില്‍ വാക്കുകള്‍ ചേര്‍ക്കാന്‍ കോടതിക്ക് കഴിയില്ല, അതിനാല്‍ രാഷ്ട്രപതിക്കോ ഗവര്‍ണര്‍മാര്‍ക്കോ സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല. എന്നിരുന്നാലും, ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ കഴിയില്ലെന്നും പ്രകടമായ കാലതാമസം നേരിടുന്ന സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് പരിഹാരങ്ങള്‍ തേടാമെന്നും അദ്ദേഹം പറഞ്ഞു.
കൊളീജിയത്തിനുള്ളില്‍ ഉണ്ടായ വിയോജിപ്പുകള്‍ അഭൂതപൂര്‍വമായ ഒന്നല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊളിജീയത്തിനെതിരെ പല ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, സുതാര്യമായ സംവിധാനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ കാലയളവില്‍ ഒരു വനിതാ ജഡ്ജിയെയും സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കഴിയാത്തതില്‍ ചീഫ് ജസ്റ്റിസ് ഗവായ് ഖേദം പ്രകടിപ്പിച്ചു, പരിഗണിക്കപ്പെടുന്ന വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കൊളീജിയത്തിന് സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വിഷയത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ച അദ്ദേഹം, വിഷയം ഇപ്പോള്‍ ലോക്സഭാ അന്വേഷണ സമിതിയുടെ മുമ്പാകെയാണെന്ന് ചൂണ്ടിക്കാട്ടി.






























