ആഭ്യന്തരമന്ത്രിക്കും  വിദ്യാഭ്യാസ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയങ്ങള്‍ പാര്‍ലിമെന്‍റ്  തള്ളി

കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലാക്കും വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിക്കും എതിരായ  അവിശ്വാസ പ്രമേയം കുവൈറ്റ് ദേശീയ അസംബ്ലി വോട്ടിനിട്ട് തള്ളി.ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലാക്കെതിരായ അവിശ്വാസ  പ്രമേയത്തെ 32 പേര്‍ എതിര്‍ത്തപ്പോള്‍ 16 അംഗങ്ങള്‍ അനുകൂലിച്ചു. എം‌പിമാരായ മുഹമ്മദ് അൽ മുത്തൈർ, അഡെൽ അൽ-ദാംഖി, ഖാലിദ് അൽ-ഒതൈബി, തമർ അൽ-സുവൈറ്റ്, അബ്ദുൽ കരീം അൽ കന്ദേരി, നായിഫ് അൽ മെർദാസ്, ഹംദാൻ അൽ അസ്മി, അബ്ദുല്ല ഫഹദ് , ഷുയിബ് അൽ മുവൈസ്രി, മുഹമ്മദ് ഹയീഫ് എന്നീവരായിരുന്നു കുറ്റവിചാരണ നോട്ടീസ് നല്‍കിയത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിക്കെതിരായ പ്രമേയവും പാര്‍ലിമെന്‍റ് തള്ളികളഞ്ഞിരുന്നു.

വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ് അൽ ഹർബിക്കെതിരായ അവിശ്വാസ പ്രമേയം 15 നെതിരെ 29 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. മൂന്ന് അംഗങ്ങള്‍ വോട്ടുടുപ്പില്‍ നിന്നും വിട്ടുനിന്നു. അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, ബദർ അൽ മുല്ല, അബ്ദുൽ കരീം അൽ കൻദരി, യൂസുഫ് അൽ ഫദ്ദാല, ഡോ. ഔദ അൽ റുവൈഇ, അൽ ഹുമൈദി അൽ സുബൈഇ, ഡോ. ഖലീൽ അബുൽ, ഉമർ അൽ തബ്തബാഇ, ഫർറാജ് അൽ അർബീദ്, നാസർ അൽ ദൂസരി എന്നീ എം.പിമാരാണ് വിദ്യാഭ്യാസ മന്ത്രിക്കെതിരായ കുറ്റവിചാരണ നോട്ടീസ് നല്‍കിയത്. രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം കൊണ്ടുവരുവാന്‍ സാധിച്ചിട്ടുണ്ടെന്നും തനിക്ക് പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ഡോ. സൗദ് അൽ ഹർബി അറിയിച്ചു.നേരത്തെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെതിരെയും എം.പിമാര്‍ കുറ്റവിചാരണ നോട്ടീസ് നല്കിയിരുന്നു. അബ്ദുൽ കരീം അൽ കൻദരി, അൽ ഹുമൈദി, അൽ സുബൈഇ എന്നീ എം.പിമാർ സമർപ്പിച്ച അവിശ്വാസ  പ്രമേയം രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്ന് സ്പീക്കർ മർസൂഖ് അൽ ഗാനിം വ്യക്തമാക്കി.

ആഴ്ചകള്‍ക്ക് മുമ്പു ആഭ്യന്തരമന്ത്രിക്കെതിരെയും വിദ്യാഭ്യാസ മന്ത്രിക്കെതിരെയും കുറ്റവിചാരണ നോട്ടീസ്  അവതരിപ്പിച്ചിരുന്നെങ്കിലും പാര്‍ലിമെന്‍റിന്‍റെ  പിന്തുണ ലഭിച്ചിരുന്നില്ല. അടിക്കടി മന്ത്രിമാർക്കെതിരെ പാര്‍ലിമെന്‍റ് അംഗങ്ങള്‍  അവിശ്വാസ പ്രമേയം നല്‍കുന്നത് വരാന്‍ പോകുന്ന തിരഞ്ഞടുപ്പ് ലക്കാക്കിയാണെന്ന് ഭരണപക്ഷം ആരോപിച്ചു. കുറ്റവിചാരണ എന്നാൽ കുവൈത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെ മന്ത്രിമാരെ പാർലമെൻ‌റിൽ ചോദ്യം ചെയ്യുന്നതിന് അംഗങ്ങൾക്കുള്ള അധികരമാണ് കുറ്റവിചാരണ. നിയമവ്യവസ്ഥയനുസരിച്ച് ഏത് അംഗത്തിനും മന്ത്രിമാരെ കുറ്റവിചാരണ ചെയ്യാം. നിശ്ചിത കാരണങ്ങൾ വ്യക്തമാക്കിയാണ് അത് സംബന്ധിച്ച് നോട്ടീസ് നൽകേണ്ടത്. നോട്ടീസ് ലഭിക്കുന്നപക്ഷം നിശ്ചിത ദിവസങ്ങൾക്ക് ശേഷമാകും അത് പാർലമെൻ‌റ് പരിഗണിക്കുക.

 

  • Salim Kottayil .