സര്‍ട്ടിഫിക്കറ്റ്  അക്രഡിറ്റേഷന്‍; എഞ്ചിനീയർമാര്‍ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന്  ഇന്ത്യൻ എംബസ്സി

കുവൈത്ത് സിറ്റി : എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ്  അക്രഡിറ്റേഷനുമായി  ബന്ധപ്പെട്ട് പ്രയാസങ്ങള്‍ നേരിടുന്ന എല്ലാ  എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരെയും എംബസി വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം എംബസ്സി അങ്കണത്തില്‍ നടന്ന ഓപ്പണ്‍ ഹൌസില്‍ അംബാസഡർ സിബി ജോർജ് ഈ വിഷയത്തിൽ ഇടപെടുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.എഞ്ചിനീയർ ബിരുദധാരികളുടെ വിവരങ്ങള്‍  അപ്‌ഡേറ്റ് ചെയ്യുന്നതിനാണ് രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നതെന്നും കുവൈത്ത് അധികാരികളുമായി ബന്ധപ്പെടുവാന്‍ ഈ വിവരങ്ങള്‍ ആവശ്യമാണെന്നും എംബസ്സി അധികൃതര്‍ അറിയിച്ചു.

നേരത്തെ എംബസിയിൽ രജിസ്റ്റർ ചെയ്ത എഞ്ചിനീയർ ബിരുദധാരികള്‍  ഉൾപ്പെടെ എല്ലാവരും https://forms.gle/YRoQwFEu3YHURgCe6 എന്ന ലിങ്കില്‍  ഓൺലൈൻ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് edu.kuwait@mea.gov.in എന്ന വിലാസത്തില്‍ ബന്ധപ്പെടാം. രജിസ്ട്രേഷന്റെ അവസാന തീയതി 2020 സെപ്റ്റംബർ 30 ആണ്.