മലപ്പുറം : ഭക്ഷ്യവിഷബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുകെയിൽ കഴിയുന്ന മലയാളി യുവതിക്ക് അപൂർവവും ഗുരുതരവുമായ രോഗം കണ്ടെത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശിനിയായ 30കാരി റഫിയ ഷെറിനാണ് അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗം ഭേദമാക്കാൻ യോജിച്ച സ്റ്റം സെൽ ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്.
2019ലാണ് റഫിയ മാസ്റ്റർ പഠനത്തിനായി യുകെയിലേക്ക് പോയത്. കഴിഞ്ഞ വർഷം ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം ഈജിപ്തിലും സെർബിയയിലും നടത്തിയ യാത്രയ്ക്കിടെ റഫിയയ്ക്ക് ഗുരുതരമായ ഭക്ഷ്യവിഷബാധയുണ്ടായി. ഒപ്പമുണ്ടായിരുന്നവർ പിന്നീട് സുഖം പ്രാപിച്ചെങ്കിലും റഫിയയുടെ ആരോഗ്യപ്രശ്നങ്ങൾ തുടർന്നു.
കടുത്ത തലകറക്കം, ഛർദി, പേശീവേദന, വിട്ടുമാറാത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പിന്നീട് അനുഭവപ്പെട്ടത്. ആദ്യഘട്ടത്തിൽ രോഗബാധയ്ക്ക് ശേഷമുള്ള ശാരീരിക ക്ഷീണമെന്നാണ് കരുതിയത്. എന്നാൽ ആരോഗ്യനില വഷളായതോടെ കൂടുതൽ പരിശോധനകൾ നടത്തി. രക്തപരിശോധനയിലാണ് ഗുരുതരമായ ആരോഗ്യപ്രശ്നം കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് രക്തം മാറ്റിനൽകി.
അപ്ലാസ്റ്റിക് അനീമിയ
അസ്ഥിമജ്ജയ്ക്ക് ആവശ്യമായ പുതിയ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അപൂർവ രോഗമാണ് അപ്ലാസ്റ്റിക് അനീമിയ. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെയും മറ്റ് രക്തകോശങ്ങളുടെയും അളവ് കുറയുന്നതോടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, രക്തസ്രാവം, വിവിധ അണുബാധകൾ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.
നിലവിലെ ചികിത്സകളിലൂടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിലും, റഫിയയുടെ കാര്യത്തിൽ രോഗം ഭേദമാക്കാൻ സ്റ്റെം സെൽ മാറ്റിവയ്ക്കൽ ആവശ്യമാണ്. ഇപ്പോൾ രോഗാവസ്ഥ നിയന്ത്രിക്കുന്നതിനായി ആഴ്ചയിൽ രണ്ടുതവണ അടിയന്തര രക്തം മാറ്റേണ്ടിവരുന്നുണ്ട്.
ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നില്ലെങ്കിൽ തന്റെ ശരീരത്തിൽ ഒളിഞ്ഞിരുന്ന ജീവൻ അപകടത്തിലാക്കാവുന്ന രോഗം ഇത്ര വേഗം കണ്ടെത്താനാകുമായിരുന്നില്ലെന്ന് റഫിയ പറയുന്നു.
ദാതാവിനെ കണ്ടെത്തുക പ്രയാസം
ദക്ഷിണേഷ്യൻ വംശജരായ രോഗികൾക്ക് അനുയോജ്യമായ മൂലകോശ ദാതാവിനെ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാരണം വിവിധ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രാതിനിധ്യം സ്റ്റം സെൽ ഡോണർ രജിസ്ട്രികളിൽ കുറവാണ്. പാരമ്പര്യവുമായി ബന്ധപ്പെട്ട ടിഷ്യു ഘടകങ്ങളുടെ പൊരുത്തമാണ് ദാതാവിനെ കണ്ടെത്തുന്നതിൽ നിർണായകം.
യുകെയിൽ ഏകദേശം 2,000 പേർ നിലവിൽ ജീവൻ രക്ഷിക്കാവുന്ന പൊരുത്തമുള്ള മൂലകോശ ദാതാവിനായി കാത്തിരിക്കുകയാണെന്നാണ് DKMS UKയുടെ കണക്ക്. എന്നാൽ ദാതാക്കളാകാൻ യോഗ്യരായ യുകെ ജനസംഖ്യയിൽ ഏകദേശം ഏഴ് ശതമാനം മാത്രമാണ് സ്റ്റം സെൽ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മഞ്ചേരിയിൽ ഓഗസ്റ്റ് 15ന് രജിസ്ട്രേഷൻ ക്യാമ്പ്
റഫിയയ്ക്ക് അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നതിനായി കേരളത്തിലും ശ്രമം ശക്തമാക്കുകയാണ്. ഓഗസ്റ്റ് 15ന് മലപ്പുറം മഞ്ചേരിയിലെ യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും.
DKMS വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നടപടിയുടെ ഭാഗമായി കവിളിന്റെ ഉള്ളിൽനിന്ന് സ്വാബ് ശേഖരിക്കുന്ന കിറ്റ് വീട്ടിലെത്തിക്കും. ആരോഗ്യമുള്ള യുവാക്കൾ ഉൾപ്പെടെ കൂടുതൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് സന്നദ്ധ സംഘടനകൾ അഭ്യർഥിച്ചു.
ചെറുപ്പം മുതൽ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന റഫിയ ഗ്രീൻ പാലിയേറ്റീവ് കെയർ നെറ്റ്‌വർക്ക് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ ട്യൂഷനും നൽകിയിരുന്നു. ഇപ്പോൾ റഫിയയുടെ ജീവൻ രക്ഷിക്കാൻ സമൂഹത്തിന്റെ സഹായം തേടുകയാണ് കുടുംബവും സുഹൃത്തുക്കളും.































