കുവൈറ്റ് സിറ്റി : കുവൈത്തിൽ 2026ലെ ആദ്യ ആറ് മാസത്തിനിടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവ് 2.5 ബില്യൺ കുവൈത്ത് ദിനാർ കവിഞ്ഞതായി കണക്കുകൾ. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് അൽ-അൻബാ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
ആറ് മാസ കാലയളവിൽ ഏകദേശം 122.49 ദശലക്ഷം ഇടപാടുകൾക്കായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു, ശരാശരി പ്രതിമാസ ചെലവ് ഏകദേശം 417 ദശലക്ഷം കെഡി ആയിരുന്നു.
ചെലവിന്റെ ഏറ്റവും വലിയ പങ്ക് പിഒഎസ് (POS) ഇടപാടുകൾക്കാണ്. 1.33 ബില്യൺ ദിനാർ (53.2 %) POS ഇടപാടുകളിലൂടെയായിരുന്നു. ഓൺലൈൻ പേയ്‌മെന്റുകൾ 875.5 മില്യൺ ദിനാർ (34.98%) രേഖപ്പെടുത്തി. എടിഎം വഴി പണം പിൻവലിച്ചത് 295.4 മില്യൺ ദിനാർ (11.8%) ആയിരുന്നു.
ജനുവരിയിൽ ഏറ്റവും ഉയർന്ന പ്രതിമാസ ചെലവ് 477.4 ദശലക്ഷം കുവൈറ്റ് ദിനാർ ആയി രേഖപ്പെടുത്തിയപ്പോൾ, ഏറ്റവും കുറഞ്ഞ ചെലവ് 356.9 ദശലക്ഷം കുവൈറ്റ് ദിനാർ ആയി മാർച്ചിൽ രേഖപ്പെടുത്തി.































