കുവൈറ്റ് സിറ്റി : ജി.സി.സി.യിൽ ആദ്യമായി രോഗനിർണയത്തിലും ചികിത്സയിലും സമഗ്രമായ പുതിയ സമീപനം അവതരിപ്പിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ, സാൽമിയയിൽ ‘മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ പാനൽ’ സേവനത്തിന് ഉദ്ഘാടനം കുറിച്ച് പ്രവർത്തനമാരംഭിച്ചു.
ഒരൊറ്റ കൺസൾട്ടേഷനിലൂടെ വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സംയുക്തമായി രോഗിയെ വിലയിരുത്തി രോഗനിർണയവും ചികിത്സാ പദ്ധതിയും തയ്യാറാക്കുന്ന ഈ നൂതന സേവനം രോഗികൾക്ക് കൂടുതൽ കൃത്യവും ഏകോപിതവും രോഗികേന്ദ്രിതവുമായ ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്.
സേവനത്തിന്റെ ഉദ്ഘാടനം മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഫാർമസി ജനറൽ മാനേജർ ഡോ. റംഷാദ് ബിൻ റഹീം, ചീഫ് ഫിനാൻസ് ഓഫീസർ അലിയ്യുൽ അസർ തങ്ങൾ, ഓപ്പറേഷൻസ് മാനേജർ ജിഷാ വർഗീസ്, കോർപ്പറേറ്റ് ബിസിനസ് മാനേജർ ഫൈസൽ ഹംസ എന്നിവരും മെട്രോ ഗ്രൂപ്പ് പാർട്ണർമാരും മെഡിക്കൽ ഡയറക്ടർമാരും ചേർന്ന് നിർവഹിച്ചു.
രോഗിയുടെ ആരോഗ്യപ്രശ്നം ഒരൊറ്റ സ്പെഷ്യാലിറ്റിയുടെ പരിധിയിൽ ഒതുക്കാതെ, വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംയുക്ത വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രോഗനിർണയവും ചികിത്സാ മാർഗരേഖയും തയ്യാറാക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ വിവിധ ആശുപത്രികളും സ്പെഷ്യലിസ്റ്റുകളും മാറിമാറി സന്ദർശിക്കേണ്ട സാഹചര്യം കുറയുകയും, രോഗത്തിന്റെ യഥാർത്ഥ കാരണം കൂടുതൽ കൃത്യതയോടെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
രോഗികളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് നാല് പ്രത്യേക മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ പാനലുകളാണ് മെട്രോയിൽ സജ്ജമാക്കിയിരിക്കുന്നത്. ഓരോ പാനലിലും ഇന്റേണൽ മെഡിസിൻ വിഭാഗത്തോടൊപ്പം ബന്ധപ്പെട്ട മറ്റ് സ്പെഷ്യാലിറ്റികളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന രീതിയിലാണ് സേവനം ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ കാർഡിയോളജി, ന്യൂറോളജി, ഇ.എൻ.ടി., നേത്രരോഗ വിഭാഗം, ഓർത്തോപീഡിക്സ്, ഗാസ്‌ട്രോഎൻററോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംയുക്ത സേവനമാണ് രോഗികൾക്ക് ലഭ്യമാകുന്നത്. രോഗിയുടെ ആരോഗ്യപ്രശ്നത്തിന്റെ സ്വഭാവം അനുസരിച്ച് അനുയോജ്യമായ മെഡിക്കൽ പാനലിലേക്കാണ് രോഗിയെ ഉൾപ്പെടുത്തുക.
പാനലിന്റെ ഭാഗമായി രോഗിയുടെ നിലവിലെ രോഗലക്ഷണങ്ങൾ, മുൻകാല ചികിത്സാ രേഖകൾ, ലബോറട്ടറി പരിശോധനാഫലങ്ങൾ, സ്കാൻ റിപ്പോർട്ടുകൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് വിദഗ്ധർ സംയുക്തമായി ചികിത്സാ പദ്ധതി തയ്യാറാക്കുന്നത്. ആവശ്യമായ സാഹചര്യങ്ങളിൽ സർജറി, എം.ആർ.ഐ., സി.ടി. സ്കാൻ, അൾട്രാസൗണ്ട്, എക്‌സ്-റേ, ലബോറട്ടറി സേവനങ്ങൾ, ഫിസിയോതെറാപ്പി, തുടങ്ങിയ അനുബന്ധ ചികിത്സാ സൗകര്യങ്ങളും മെട്രോയിൽ തന്നെ ലഭ്യമാണ്. രോഗികളുടെ സൗകര്യാർത്ഥം പിക്ക് ആൻഡ് ഡ്രോപ്പ് സേവനവും ഒരുക്കിയിട്ടുണ്ട്.
കൂടാതെ, മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ പാനലിൽ രജിസ്റ്റർ ചെയ്യുന്ന രോഗിയുടെ ചികിത്സാ ഫയൽ ക്ലോസ് ചെയ്യുന്നതുവരെ ആവശ്യമായ സാഹചര്യങ്ങളിൽ അതേ പാനലിലെ വിദഗ്ധ ഡോക്ടർമാരുമായി തുടർകൺസൾട്ടേഷനുകൾ സൗജന്യമായി നടത്താനുള്ള പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മെട്രോ അധികൃതർ അറിയിച്ചു. ചികിത്സയുടെ ഓരോ ഘട്ടവും വിദഗ്ധരുടെ സംയുക്ത നിരീക്ഷണത്തിലൂടെ മുന്നോട്ടുകൊണ്ടുപോകാൻ ഇതിലൂടെ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ മാത്രം പരിഗണിക്കാതെ രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി രോഗികേന്ദ്രിതമായ സമഗ്ര ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ പാനൽ സേവനം ആരംഭിച്ചിരിക്കുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അധികൃതർ അറിയിച്ചു. കുവൈറ്റിലെ ആരോഗ്യരംഗത്ത് സംയോജിത വിദഗ്ധ ചികിത്സയ്ക്ക് പുതിയൊരു മാതൃകയായി ഈ സംരംഭം മാറുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.





























