യുഎഇയില്‍ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

അബുദാബി: യുഎഇയിൽ അപാർട്മെന്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി അനിൽ നൈനാൻ (32) ആണ് മരിച്ചത്. 90% പൊള്ളലേറ്റ് അബുദാബി മഫ്‍റഖ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയോടെയായിരുന്നു മരണം. അപകടത്തിൽ പരിക്കേറ്റ ഭാര്യ നീനു അപകടനില തരണം ചെയ്തിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉംഅൽ ഖ്വവാനിലുള്ള ഇവരുടെ അപ്പാർട്മെന്‍റിലാണ് തീപിടുത്തമുണ്ടായത്. അയൺ ബോക്സിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്നാണ് സൂചന. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനിലിന് പൊള്ളലേൽക്കുകയായിരുന്നു. നാല് വയസുള്ള മകനുണ്ട്.