സാമൂഹിക പ്രവർത്തകൻ നന്തി നാസർ അന്തരിച്ചു

0
11

ദുബായ്: യുഎഇയിലെയും നാട്ടിലെയും സാമൂഹിക-ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന നന്തി നാസർ (56) അന്തരിച്ചു. നന്തിബസാർ മുസ്‌ലിയാർകണ്ടി വീട്ടിൽ നാസർ എന്ന പേരാണ് ചുരുങ്ങി നന്തി നാസർ ആയത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത് വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു മരണം.

യുഎഇയിൽ പബ്ലിക് റിലേഷൻസ് സ്ഥാപനം നടത്തി വരികയായിരുന്ന നാസർ ലേബർ ക്യാമ്പുകളിലും മരുഭൂമികളിലും തോട്ടം തൊഴിൽ മേഖലകളിലും കഷ്ടപ്പെടുന്നവർക്ക് സഹായം എത്തിക്കാൻ സജീവമായി പ്രവർത്തിച്ച ആളാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എളുപ്പത്തിലാക്കാനും ഇടപെട്ടിരുന്നു. യുഎഇ പിആർഒ അസോസിയേഷൻ മുഖ്യരക്ഷാധികാരിയായിരുന്നു.

എംബാമിങ് നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം പുലർച്ചെ 2.20നുള്ള ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും.കാസർകോട് സ്വദേശിനി നസീമയാണ് ഭാര്യ. മക്കൾ: സന, ഷിബില (അമേരിക്ക, സാദ് (ബഹ്റൈൻ).