ഗാർഹിക തൊഴിലാളികൾക്കായുള്ള പുതിയ നിയമം യുഎഇയിൽ ഇന്നുമുതൽ നടപ്പിലായി

ഗാർഹിക തൊഴിലാളികളെ  ചൂഷണത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പുതിയ തൊഴിൽ നിയമം ഇന്നു മുതൽ  പ്രാബല്യത്തിൽ വന്നു . ഒരോ തൊഴിലാളിയുടെയും നിയമനം മുതൽ സേവനം അവസാനിപ്പിക്കുന്നത് വരെയുള്ള എല്ലാ വിവരങ്ങളും അടങ്ങിയതാണ് പരിഷ്ക്കരിച്ച നിയമം.

ഗാർഹിക തൊഴിലാളികളെ റിക്രൂട്ടിങിന് മുൻപേ തന്നെ  ജോലിയുടെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായിഅറിയിക്കണം. മുൻകൂട്ടി അറിയിച്ച പ്രകാരമല്ല ജോലി, ശമ്പളം എന്നിവയെങ്കിൽ  തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം. അതോടൊപ്പം റിക്രൂട്ടിംഗ് വേളയിൽ വീസക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകരുത് എന്നും നിയമത്തിലുണ്ട്.

പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലുടമകൾ പിടിച്ചു വയ്ക്കരുത് തൊഴിലാളികളാണ് ഇവ സൂക്ഷിക്കേണ്ടത്. തൊഴിലാളികളോട് മാന്യമായി പെരുമാറണം, അവർക്ക് കൃത്യമായി വേതനം ലഭിക്കുന്നുണ്ടെന്ന് റിക്രൂട്ടിങ് ഏജൻസി ഉറപ്പാക്കണം

തൊഴിലാളികളുടെ കടമ സംബന്ധിച്ച് നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. കരാർ പ്രകാരമുള്ള ജോലിയിൽ വീഴ്ച വരുത്താൻ പാടില്ല. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. അതേസമയം,തൊഴിൽ തർക്കമുണ്ടായാൽ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാം എന്നും നിയമം പ്രതിപാദിക്കുന്നു