ഒരു ചെറിയ വാക്കിന്, ഒരു നോക്കിന് അല്ലെങ്കില്‍ ഒരു ഗന്ധത്തിന് .. മുന്‍പെപ്പോഴോ അനുഭവിച്ചുമറന്നൊരു കാലത്തിലേക്ക് നമ്മെയെത്തിക്കാന്‍ കഴിയും അല്ലെ? ചിലപ്പോഴൊക്കെ സുഖകരമായ ഓര്‍മ്മകളിലേക്ക്… മറ്റുചിലപ്പോള്‍ ഉള്ളുനീറുന്ന നൊമ്പരങ്ങളിലേക്ക്…,  തുറന്നിട്ട വാതിലിലൂടെ  പ്രണയം അലസമായ് കയറിവരുമെന്നാണ്. ചിലപ്പോഴെങ്കിലും  ഉള്ളിലൊരു ശൂന്യത സമ്മാനിച്ച് അത്പടിയിറങ്ങി പോകുകയും ചെയ്യും. അത്രമേല്‍ ഇഴചേര്‍ന്നു നിന്നൊരാള്‍ പെട്ടെന്ന് മാഞ്ഞുപോകുമ്പോള്‍ എന്താകും ഫീല്‍ ചെയ്യുക? ഓര്‍ക്കുമ്പോള്‍ അന്നോളം നക്ഷത്രം പൂത്തിരുന്ന കണ്ണുകളില്‍ കണ്ണുനീര്‍ പൂക്കും. കുളിരോളമായ് തഴുകിയിരുന്ന ഓര്‍മ്മകളില്‍ വിരഹത്തിന്‍റെ ചുടുകാറ്റ് പടരും. വിരഹം. എത്ര ഭീകരമായ അവസ്ഥയാണത്. ശംഖുപുഷ്പത്തിന്‍റെ മനോഹാരിതയിലും പേടമാനിന്‍റെ മിഴിയഴകിലും പ്രണയിനിയെ കണ്ടു വിലപിക്കുന്ന കാമുകന്മാര്‍ കവിഭാവനയില്‍ മാത്രമുള്ളതല്ല. നമുക്കു ചുറ്റുമുണ്ട് അങ്ങനെ ഒരുപാടുപേര്‍. മനോഹരമായി നമുക്ക് തോന്നുന്ന അസ്തമയശോണിമയില്‍ കണ്ണുനീരിന്‍റെ ചുവപ്പ് കാണുന്നവര്‍. കുളിരായ് പെയ്തിറങ്ങുന്ന മഴനൂലുകള്‍ വിരഹത്താല്‍ മിഴിനീരായ് തോന്നുന്നവര്‍. ഉള്ളിലെവിടെയോ ഓര്‍മ്മകളുടെ ഒരു മുള്‍മുനക്കുത്ത് സമ്മാനിച്ചുകൊണ്ട് ഇവിടെയും ഒരു നൊമ്പരം ഇതള്‍വിടരുകയാണ്, ‘അല’യിലൂടെ . വിരഹനൊമ്പരത്തിന്‍റെ ഒരു കുഞ്ഞല. കലാപൂര്‍ണ്ണതയുടെ അത്ര ചെറുതല്ലാത്ത ഒരല.

യാദൃശ്ചികമായി മുന്നിലെത്തുന്ന പ്രണയജോഡിയിലെ പെണ്‍കുട്ടിയുടെ കുസൃതികലര്‍ന്ന ഭാവങ്ങളിലൂടെ തന്‍റെ, നഷ്ടപ്പെട്ടുപോയ പ്രണയിനിയിലെത്തുന്ന കാമുകന്‍റെ മനസ്സാണ് പാട്ടിന്‍റെ ഇതിവൃത്തം. വിരഹമാണ് തീം എന്നതുകൊണ്ട് തന്നെ നഷ്ടനായികയുടെ ഓര്‍മ്മകളില്‍ ഒരു കാമുകനില്‍ ഉണ്ടാകുന്ന വേദന അങ്ങനെതന്നെ അഭിനയിച്ചുഫലിപ്പിക്കാന്‍ നായകനായി വരുന്ന അരുണിന് കഴിഞ്ഞു എന്ന് നിസ്സംശയം പറയാം. വിരഹഗാനങ്ങള്‍ , ഒരുപക്ഷെ പ്രണയഗാനങ്ങളോളം തന്നെ ഉണ്ടായിട്ടുണ്ട് മലയാളത്തില്‍. അതിലെത്രയെണ്ണത്തിന് ആശയത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞു എന്നത് ചിന്തിക്കേണ്ട വിഷയംതന്നെയാണ്. എന്നാലിവിടെ അല അതിന്‍റെ വിഷയത്തോട് നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തി എന്ന് സംശയമേതുമില്ലാതെ പറയാന്‍ കഴിയും. മനോഹരമായ ദൃശ്യഭംഗിയാണ് അല സമ്മാനിക്കുന്നത് . പ്രണയം തുളുമ്പുന്ന വാഗമണിന്‍റെ തണുപ്പിനെ വിരഹവേദനയുടെ ചൂടിനാല്‍ മൂടിയ “അല” ഇതാ……