ഇന്നസെന്റിനെ അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളെത്തി

കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദ‍ർശനത്തിന് ശേഷം മലയാളികളുടെ പ്രിയ നടൻ ഇന്നസെന്റിന്റെ ഭൗതിക ശരീരം ജന്മനാടായ ഇരിങ്ങാലക്കുടയിലെത്തിച്ചു.വിലാപയാത്രയായാണ് മൃതദേഹം ഇരിങ്ങാലക്കുട ടൗൺഹാളിലെത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, പി കെ ശ്രീമതി, മന്ത്രി എം ബി രാജേഷ് തുടങ്ങി പ്രമുഖർ ഉൾപ്പടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു

വൈകിട്ട് അഞ്ചിന് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാണ് സംസ്ക്കരിക്കുക.

ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിൻറെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായത്. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു