കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെല്‍ഫി ദുരന്തം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വീഡിയോ സിനിമയുടെ ഭാഗമായി ചിത്രീകരിച്ചതാണെന്ന് വ്യക്തമാക്കി പിന്നീട് സംവിധായകന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

വിവിയന്‍ രാധാകൃഷ്ണന്റെ വീമ്പ് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ ആ വീഡിയോയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. കിണറ്റില്‍ വീണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ മേക്കിംഗ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണ് തന്റെ പുതിയ സിനിമ സംസാരിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആധികാരികത ഇല്ലാത്ത വീഡിയോകള്‍ എങ്ങനെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് എന്ന് തെളിയിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂനത്തറ രാജലക്ഷ്മിയാണ് ചിത്രത്തില്‍ അമ്മൂമ്മയായി അഭിനയിച്ചത്. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന രീതിയിലായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.