അമ്മ പ്രസിഡന്റായി മോഹന്‍ലാല്‍ ചുമതലയേറ്റു; ദിലീപിനായി ശബ്ദമുയര്‍ത്തി താരങ്ങള്‍; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

0
16

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മോഹന്‍ലാല്‍ താര സംഘടനയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. പ്രസിഡന്റ് സ്ഥാനം ഒഴിയുകയാണെന്ന് ഇന്നസെന്റ് യോഗത്തെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെബി ഗണേഷ്‌കുമാറും മുകേഷും ഒപ്പം ചുമതലയേറ്റു. അതേസമയം സിനിമയിലെ വനിതാസംഘടന ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി തുടങ്ങിയവരൊക്കെ യോഗത്തില്‍നിന്ന് വിട്ടുനിന്നു.

പതിവിന് വിപരീതമായി പൊതുയോഗത്തിലേക്ക് ഇത്തവണ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. യോഗതീരുമാനങ്ങള്‍ അറിയിക്കാന്‍ വാര്‍ത്താസമ്മേളനവും നടത്തുന്നില്ല.

യോഗം തുടങ്ങിയപ്പോള്‍ തന്നെ ദിലീപിനെ പിന്തുണച്ച്‌ താരങ്ങള്‍ രംഗത്തെത്തി.നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്ന് ദിലീപ് പുറത്താക്കപ്പെട്ടത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് താരങ്ങളുടെ വാദം. നടന്‍ സിദ്ധിഖിന്റെ നേതൃത്വത്തിന്റെ ആയിലായിരുന്നു ദിലീപിനായി താരങ്ങള്‍ അണിനിരന്നത്. വനിതാ താരങ്ങളും ഇതിനെ ശക്തമായി തന്നെ പിന്തുണച്ചു. പുറത്താക്കിയതിനെതിരേ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്ന് ജോയിന്‍റ് സെക്രട്ടറി സിദ്ദിഖും പറഞ്ഞു. അടുത്ത എക്സിക്യുട്ടീവ് യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തുടര്‍ന്നാണ് തിരിച്ചെടുക്കുന്ന കാര്യത്തില്‍ ദിലിപീന്റെ അഭിപ്രായം അറിയാന്‍ തീരുമാനിച്ചത്. ദിലീപിനെ തിരിച്ചെടുക്കാന്‍ ഏകദേശ ധാരണയായെന്നും അക്കാര്യം അറിയിക്കുകയും അദ്ദേഹത്തിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം മതി അന്തിമ തീരുമാനമെന്നും മോഹന്‍ലാല്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ദിലീപിനെ എതിര്‍ക്കുന്ന വനിതാ അംഗങ്ങള്‍ അടക്കമുള്ളവരെ സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ തവണത്തെ മീറ്റിംഗിനിടയില്‍ മാധ്യമങ്ങളുടെ ചോദ്യം രസിക്കാത്ത താരങ്ങളുടെ പെരുമാറ്റം ഏറെ വിവാദമായിരുന്നു. അതിനാല്‍ തന്നെ ഇത്തവണ മാധ്യമങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സംഘടനയ്ക്ക് അകത്ത് നിന്ന് ആവശ്യം ശക്തമായിരുന്നു.