ജീവിതം വഴിമുട്ടിയ മലയാളി കുടുംബത്തിന്‌ സഹായവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: വിസയോ പാസ്പോര്‍ട്ടോ ഇല്ലാതെ കഴിഞ്ഞ മുപ്പത് വര്‍ഷമായി യുഎഇ യില്‍ കഴിയുന്ന മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. അനധികൃത താമസമായതിനാല്‍ മക്കളെ സ്കൂളില്‍പോലും ചേര്‍ക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം. പ്രശ്‌നങ്ങളും മറ്റും ചോദിച്ചറിയാനായി കോണ്‍സല്‍ (ലേബര്‍) സുമതി വാസുദേവ് മധുസൂദനനും കുടുംബത്തെ സന്ദര്‍ശിച്ചു.

യുഎഇയില്‍ തന്നെ താമസിക്കാനാണു താല്‍പര്യമെന്ന് കുടുംബം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. പാസ്പോര്‍ട് ലഭ്യമാകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ചുള്ള സഹായം ചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. യുഎഇയില്‍ 1979 മുതല്‍ താമസിക്കുന്ന മധുസൂദനനും ശ്രീലങ്കക്കാരിയായ ഭാര്യ രോഹിണിയും ജോലി നഷ്ടപ്പെട്ടതിനാലും മറ്റും മക്കളുടെ താമസം നിയമാനുസൃതമാക്കാനോ, അവരെ പഠിപ്പിക്കാനോ സാധിക്കാതെ വലയുകയായിരുന്നു. ദമ്പതികള്‍ക്ക് അഞ്ച്‌ മക്കളാണുള്ളത്. അനധികൃതമായി താമസിക്കുനതിനാല്‍ ഷാര്‍ജയ്ക്ക് പുറത്ത് പോലും പോകാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു കുടുംബം