കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്ലാ സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിനുള്ളിലെ മുകളിലെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ കുവൈത്ത് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. അൽ-ജഹ്റ ആശുപത്രിയിലെ സുരക്ഷാ വിഭാഗമാണ് പരിക്കേറ്റ ഇന്ത്യൻ പൗരനെ ആശുപത്രിയിലെത്തിച്ചതായി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.മാളിൽ നിന്ന് വീണ് പരിക്കേറ്റ നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിന്റെ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.






























