കുവൈറ്റ് സിറ്റി : കുവൈത്തിൽ ഭീകരസംഘടനയായ ഐസിസുമായി (ISIS) ബന്ധമുള്ളവരുമായി സമ്പർക്കം പുലർത്തിയെന്നും സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടിയെന്നും ആരോപിക്കപ്പെടുന്ന രണ്ട് പ്രായപൂർത്തിയാകാത്തവരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
രാജ്യത്തെ ഒരു മതവിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇവർ തയ്യാറെടുക്കുകയായിരുന്നുവെന്നാണ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ നിരീക്ഷണം, അന്വേഷണങ്ങൾ, സുരക്ഷാ നടപടികൾ എന്നിവയെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നിയമാനുസൃത നടപടികൾ സ്വീകരിച്ച ശേഷം ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.സമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന പ്രവർത്തനങ്ങൾക്കെതിരെ സുരക്ഷാ ഏജൻസികൾ നിരീക്ഷണവും നടപടികളും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം മാതാപിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്നും, നിയമവിരുദ്ധമായ ആശയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും കുട്ടികൾ ആകർഷിക്കപ്പെടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
കുടുംബതലത്തിലുള്ള മേൽനോട്ടവും മാർഗനിർദേശവും ശക്തിപ്പെടുത്തുന്നതിനൊപ്പം കുട്ടികളിൽ രാജ്യത്തോടുള്ള വിശ്വസ്തത, ദേശീയബോധം, നിയമത്തോടുള്ള ബഹുമാനം എന്നിവ വളർത്തണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.






























