ജി ഡി പി യിലെ ‘ റെക്കോർഡ് ‘ തള്ളൽ

രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 20.1 ശതമാനം വളർച്ച നേടിയെന്ന വാർത്ത ശരിക്കും ഞെട്ടിച്ചില്ലേ ?

കാരണം നമ്മൾ കേട്ടിട്ടുള്ള വളർച്ച 10 ശതമാനം വരെയൊക്കെയാണ്.

അതിനാൽ 20 എന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി!

കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നവർ ആഘോഷമാക്കി.

അവരെ തെറ്റ് പറയാൻ കഴിയില്ല. 20 ശതമാനം വളർച്ചയെന്നത് ശരിയുമാണല്ലോ.

ശരിക്കും സത്യം എന്തെന്നാൽ,

ജി ഡി പി കണക്കാക്കുന്നതിന് മുൻ വർഷത്തെ സമാന കാലയളവ് അടിസ്ഥാനമാക്കിയാണ്.

2019 – 2020 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 35.7 ലക്ഷം കോടി രൂപയുടേതായിരുന്നു.

തൊട്ടടുത്ത വർഷമായ 2020-2021 ലെ ആദ്യ പാദത്തിൽ ഉൽപ്പാദനം മുകളിലേയ്ക്ക് പോയില്ല.

കുത്തനെ ഇടിഞ്ഞു
26.95 ലക്ഷം കോടിയിലേയ്ക്ക് കൂപ്പ് കുത്തി .

അപ്പോൾ 2019 – 20 ലെ ഉൽപ്പാദവുമായി തട്ടിച്ച് നോക്കുമ്പോൾ വളർച്ച 24.3 ശതമാനം ഇടിഞ്ഞു.
സ്വതന്ത്ര്യ ഇന്ത്യയിൽ ആദ്യമായി നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി.

ജി ഡി പി കണക്കാക്കി തുടങ്ങിയത് മുതൽ ഉൽപ്പാദനം മുകളിലേയ്ക്ക് മാത്രമേ പോയിട്ടുള്ളൂ.

ആദ്യമായാണ് കുറഞ്ഞത്.

ഇനിയാണ് കണക്കിന്റെ ‘കളി’

ഇപ്പോൾ സർക്കാർ പുറത്ത് വിട്ട കണക്ക്, മുകളിൽ പറഞ്ഞത് പോലെ ഇടിവ് രേഖപ്പെടുത്തിയ മുൻ വർഷത്തെ ആദ്യ പാദത്തിലെ കണക്കിനെ അടിസ്ഥാനമാക്കിയാണ്.

2021 – 2022 ലെ ആദ്യ പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 32.38 ലക്ഷം കോടിയായി.

ഇത് 2020 – 2021 ലെ ആദ്യ പാദത്തിലെ ഉൽപ്പാദനവുമായി തട്ടിച്ച് നോക്കുമ്പോൾ 20. 1 ശതമാനം വർദ്ധിച്ചു.

അതായത് 26.95 ലക്ഷം കോടിയിൽ നിന്ന് 32.38 ലക്ഷം കോടിയായി ഉൽപ്പാദനം ഉയർന്നു.

ശ്രദ്ധിക്കണം അപ്പോഴും 2019 – 2020 ലെ ആദ്യ പാദ ഉൽപ്പാദനത്തിനെ മറികടക്കാൻ രാജ്യത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല.

അതായത് നിങ്ങൾ നല്ലവനയായത് , മോശമായവനുമായി താരതമ്യം ചെയ്തത് കൊണ്ടു മാത്രമാണ്,

യഥാർത്ഥത്തിൽ നിങ്ങൾ നല്ലവനായിട്ടില്ല.