‘സഹൽ’ ആപ്പിൽ പുതിയ ‘മൈ നമ്പേഴ്സ്’ സേവനം; നിങ്ങളുടെ പേരിലുള്ള മൊബൈൽ കണക്ഷനുകൾ ഇനി എളുപ്പത്തിൽ പരിശോധിക്കാം

0
9

കുവൈറ്റ് സിറ്റി : കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA), രാജ്യത്തെ ടെലികോം കമ്പനികളുടെ സഹകരണത്തോടെ ഏകീകൃത സർക്കാർ ആപ്പായ ‘സഹൽ’ വഴി ‘മൈ നമ്പേഴ്സ്’ എന്ന പുതിയ സേവനം ആരംഭിച്ചു.

പൗരന്മാർക്കും പ്രവാസികൾക്കും വിവിധ ടെലികോം കമ്പനികളിൽ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഫോൺ നമ്പറുകളും ആശയവിനിമയ സേവനങ്ങളും ഇനി സഹൽ ആപ്പിലൂടെ എളുപ്പത്തിൽ പരിശോധിക്കാം.

ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ അവകാശങ്ങളും വ്യക്തിഗത വിവരങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് പുതിയ സേവനമെന്ന് CITRA വ്യക്തമാക്കി. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകൾ പരിശോധിക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും അനധികൃതമായി രജിസ്റ്റർ ചെയ്തിട്ടുള്ള കണക്ഷനുകൾ കണ്ടെത്താനും സാധിക്കും.

ഇത് ഡിജിറ്റൽ സ്വകാര്യതയും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു. സേവനം ലഭ്യമാകുന്നതോടെ എല്ലാ ഉപയോക്താക്കളും സഹൽ ആപ്പിലൂടെ തങ്ങളുടെ പേരിലുള്ള ഫോൺ നമ്പറുകൾ പരിശോധിക്കണമെന്ന് CITRA നിർദേശിച്ചു.