കുവൈത്തിൽ സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസിംഗ് ചട്ടങ്ങൾ

0
8

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ഫാർമസികളുടെ ലൈസൻസിംഗ് നടപടികൾ പുനഃസംഘടിപ്പിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി 2026ലെ മന്ത്രിതല തീരുമാനം നമ്പർ 235 പുറപ്പെടുവിച്ചു.

പുതിയ ചട്ടപ്രകാരം ഒരു ഫാർമസിയുടെ ലൈസൻസ് പുതുക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മുൻഗണന നൽകുന്നത് നിലവിലെ സ്ഥലത്ത് ആദ്യമായി ലൈസൻസ് ലഭിച്ച തീയതി അടിസ്ഥാനമാക്കിയാകും.
ഫാർമസികളുടെ മുൻവശത്തെ ഡിസൈൻ, വ്യാപാരനാമം, ലോഗോ, നിറങ്ങൾ, പരസ്യ ഉള്ളടക്കം എന്നിവ പ്രദർശിപ്പിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കി.

കൂടാതെ, മരുന്നുകൾ ഹോം ഡെലിവറി ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി സംവിധാനവും ഏർപ്പെടുത്തി. ഡെലിവറിക്ക് ഉപയോഗിക്കുന്ന വാഹനമോ സേവനം നൽകുന്ന കരാർ കമ്പനിയോ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കണം. രോഗികൾക്ക് നൽകുന്ന ഓരോ മരുന്ന് പാക്കറ്റിലും രോഗിയുടെ പേര്, മരുന്ന് നൽകിയ തീയതി, ഉപയോഗിക്കേണ്ട വിധം എന്നിവ രേഖപ്പെടുത്തിയ ലേബൽ ഉണ്ടായിരിക്കണം.

മരുന്നുകളുടെ കാലാവധി സംബന്ധിച്ചും പുതിയ നിയന്ത്രണങ്ങളുണ്ട്. 30 ദിവസത്തിൽ താഴെ കാലാവധി ശേഷിക്കുന്ന മരുന്നുകൾ വിൽക്കാൻ പാടില്ല. എന്നാൽ ദീർഘകാല രോഗങ്ങൾക്കുള്ള ചില മരുന്നുകൾക്ക് പ്രത്യേക വ്യവസ്ഥകൾ ബാധകമായിരിക്കും. ഒരിക്കൽ ഉപഭോക്താവിന് നൽകിയ മരുന്നുകൾ പിന്നീട് തിരികെ സ്വീകരിക്കാനും പാടില്ല.

ഫാർമസി താൽക്കാലികമായോ സ്ഥിരമായോ അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളും കാലാവധി കഴിഞ്ഞ മരുന്നുകൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥകളും പുതിയ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫാർമസികളുടെ മുൻവശവുമായി ബന്ധപ്പെട്ട 2025ലെ മുൻ തീരുമാനം ഇതോടെ റദ്ദാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.