ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ തിരുവോണം ആഘോഷിച്ചു

 

കുവൈറ്റ്: മംഗഫിലെ ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. തിരുവോണ ദിവസം തന്നെ സ്കൂൾ അങ്കണത്തിൽ ഒരുക്കിയ ഓണാഘോഷ പരിപാടികൾ വൈവിദ്ധ്യമാർന്നതായിരുന്നു. കൃത്യം 11.45ന് മാവേലി മന്നൻ എഴുന്നുള്ളൂമെന്ന് പ്രിൻസിപ്പാൾ F M ബഷീർ അഹ്മദ് പ്രഖ്യാപിച്ചതോടെ പ്രൈമറിതലം തൊട്ട് പ്ലസ് ടൂ വരെയുള്ള കുട്ടികളിൽ മാവേലി മന്നനെ കാണാനുള്ള ആവേശവും ഔത്സുക്യവും കൗതുകവും ഉച്ഛസ്ഥായിലെത്തി. കൃത്യ സമയത്തു തന്നെ “മഹാബലി തമ്പുരാൻ” സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, വൈസ് പ്രിൻസിപ്പാൾമാരായ സലീം K., സോഫി ജോൺ, ഇന്ദുലേഖ സുരേഷ് എന്നിവരാൽ അനുഗതനായി രംഗപ്രവേശനം ചെയ്തപ്പോൾ ആർപ്പോ വിളികളോടെ ആയിരകണക്കിന് വിദ്യാർത്ഥികൾ അത്യാവേശപ്പൂർവം എതിരേറ്റു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപികമാർ ഉൾപ്പടെ കേരളീയ വേഷമണിഞ്ഞ് അണിനിരന്നപ്പോൾ മലയാളിത്തനിമയാർന്ന ഒരോണാഘോഷത്തിന്റെ  വിളംബരം കൂടിയായി ഇൻഡ്യ ഇന്റർനാഷനൽ സ്കൂളിലെ തിരുവോണ പരിപാടികൾ.

വിവിധ ദേശക്കാരും സംസ്ഥാനക്കാരുമായ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ജീവിതത്തിൽ ആദ്യമായി മാവേലി മന്നനെ കണ്ടപ്പോൾ പുതിയൊരു അനുഭവമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അധ്യാപക സമൂഹത്തിനും ഈജിപ്തിൽ നിന്നുള്ള അറബ് അധ്യാപകർക്കും മലയാളത്തിന്റെ ഈ ആഘോഷം സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്.

സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ നൽകിയ ഓണാഘോഷ സന്ദേശത്തിൽ, കള്ളവും കാപട്യവുമില്ലാത്ത ഒരു ലോകത്തേക്കാണ് ഓണാഘാഷം നമ്മുടെ ഓർമ്മ തട്ടിയുണർത്തുന്നതെന്ന്  പറഞ്ഞു.

കഴിഞ്ഞ മാസവസാനം സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി അലീറ്റ അനിൽ ജേക്കബിന്റെ ആകസ്മിക വിയോഗം ഈ ആഘോഷവേളയിലും നാമേവരേയും ശോകമൂകരാക്കുന്നതായി മൂസക്കോയ അനുസ്മരിച്ചു