കുവൈറ്റിലെ അനധികൃത താമസക്കാരിൽ ഭൂരിഭാഗവും ഗാർഹികത്തൊഴിലാളികൾ

കുവൈറ്റ്: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരിൽ ഏറിയ പങ്കും ഗാർഹിക തൊഴില്‍ വിസയിലെത്തിയവരെന്ന് റിപ്പോര്‍ട്ട്. കുടിയേറ്റ വിഭാഗം തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ചാണിത്. വിസക്കച്ചവടക്കാര്‍ മുഖെന എത്തിപ്പെട്ട ഗാർഹിക തൊഴിലാളികളാണ് ഇത്തരത്തിൽ അനധികൃത പട്ടികയിൽ കൂടുതൽ. തൊഴിലിടത്തെ പീഡനങ്ങൾ മൂലം തൊഴിലുടമയുടെ വീട്ടിൽ നിന്നും പലരും രക്ഷപ്പെടും. തൊഴിലുടമ പരാതി നൽകുന്നതോടെ ഇവർ അനധികൃത പട്ടികയിൽ ഉൾപ്പെടും.

നിലവിലെ അനധികൃത താമസക്കാരിൽ 48% ഏകദേശം (52619) പേരാണ് ഗാര്‍ഹിക വിസയിൽ രാജ്യത്തെത്തിയത്. താത്കാലിക വീസയിലുള്ള 25,155 പേരും സ്വകാര്യമേഖലയിലെ തൊഴിൽ വീസയുമായി എത്തിയ 22,018 പേരും അനധികൃത താമസക്കാരുടെ പട്ടികയിലുണ്ട്. കുടുംബ വീസയിൽ കഴിയവേ അനധികൃത താമസക്കാരായവർ 8,418 ആണ്. സർക്കാർ മേഖലയിലെ വീസയിൽ 435 പേരും സെൽഫ് സ്പോൺസർഷിപ് വീസയിൽ 142 പേരും സ്റ്റുഡന്റ് വീസയിലുള്ള 6 പേരും അനധികൃത താമസക്കാരാണ്.

താമസാനുമതി രേഖയായ ഇഖാമ പുതുക്കി നൽകാതെ വരുമ്പോഴാണ് പലരും അനധികൃത താമസക്കാരാകുന്നത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പ്രശ്നങ്ങൾ മൂലം പലർക്കും ഇത്തരത്തിൽ ഇഖാമ ശരിയാകാതെ വരാറുണ്ട്.