കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ‘ഏക് പേഡ് മാ കേ നാം’ (Plant 4 Mother) ക്യാമ്പയിന്റെ ഭാഗമായി കുവൈത്തിലെ റിഗ്ഗായ്, അൻഡലൂസ് പാർക്കുകളിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. നവംബർ 21-ന് ARMS4U, അമ്മ കുവൈത്ത് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് വൃക്ഷത്തൈകൾ നട്ടു. അമ്മമാർക്കും മാതൃഭൂമിക്കും ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. പുതുതലമുറയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും പരിപാടിയുടെ ലക്ഷ്യമായിരുന്നു.
2024 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം കുറിച്ചത്. അമ്മമാരുടെ പേരിൽ ഓരോ വൃക്ഷത്തൈ വീതം നട്ടുപിടിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ വ്യക്തികളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തിനും ഹരിതാഭമായ പൊതുസ്ഥലങ്ങൾ സൃഷ്ടിക്കുന്നതിനും കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം പരിപാടി ഉയർത്തിക്കാട്ടി. വൃക്ഷത്തൈ നടീൽ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ARMS4U, അമ്മ കുവൈത്ത് സംഘടനകൾക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തുടർന്നും സമൂഹത്തിന്റെ സജീവ പങ്കാളിത്തം എംബസി അഭ്യർഥിച്ചു.























