കുവൈറ്റിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 148 ആയി

കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 148 ആയി. യുകെയിൽ നിന്ന് മടങ്ങിയെത്തിയ സ്വദേശികളാണ് രോഗം സ്ഥിരീകരിച്ച രണ്ട് പേർ. മറ്റ് രണ്ട് പേർ വൈറസ് ബാധിതരുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് അസുഖബാധിതരായ ഒരു സ്വദേശിയും ഫിലിപ്പൈനിയുമാണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയം എല്ലാ ദിവസവും നടത്തി വരുന്ന വാർത്താസമ്മേളനത്തിൽ വക്താവായ ഡോ.അബ്ദുള്ള അൽ സനദാണ് ഇന്നത്തെ സ്ഥിതിഗതികള്‍ വിവരിച്ചത്. രോഗം സ്ഥിരീകരിച്ചിട്ടുള്ള 148 പേരിൽ 18 പേർ രോഗമുക്തരായി. 130 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ ഐസിയുവിൽ കഴിയുന്ന അഞ്ച് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന കാര്യവും ആരോഗ്യമന്ത്രാലയം വക്താവ് സൂചിപ്പിച്ചു.