കുവൈറ്റ് ദേശീയ സേനയിലേക്ക് നോർക്ക റൂട്സ് വഴി ഡോക്ടർമാരെ നിയമിക്കുന്നു

കുവൈറ്റ്: നോർക്ക റൂട്ട്സ് വഴി കുവൈറ്റിലെ ദേശീയ സേനയിലേക്ക് വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കുന്നു. രാജ്യം ഇതാദ്യമായാണ് കേരളത്തിലെ ഒരു സർക്കാർ റിക്രൂട്ട്മെന്റ് ഏജന്‍സിയുമായി കരാർ ഒപ്പു വയ്ക്കുന്നത്. കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ഇന്റെര്‍ണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ ഒഴിവുകളിലേക്കാണ് ആദ്യ നിയമനം. ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ള 30നും 40നും ഇടയില്‍ പ്രായവുമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം,

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെഫ്റ്റനന്റ് റാങ്കിലാകും നിയമനം. തുടക്കത്തില്‍ 1100 മുതൽ 1400 കുവൈറ്റ് ദിനാർ വരെ ശമ്പളം ലഭിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ കുവൈത്തിലെത്തിയ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരിയും, റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കൊളശ്ശേരിയും കുവൈത്ത് ദേശീയ സേന മേധാവികളുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചർച്ച വിജയം കണ്ടതോടെയാണ് പുതിയ കരാർ ഒപ്പു വച്ചിരിക്കുന്നത്.

അപേക്ഷകള്‍ ഫെബ്രുവരി 29ന് മുമ്പ് നോര്‍ക്ക റൂട്‌സ് സിഇഓയുടെ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.https://www.norkaroots.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, ടോള്‍ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന്) ബന്ധപ്പെടാവുന്നതാണ്.