കൊറോണ: കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ കേസുകളൊന്നുമില്ല; കുവൈറ്റിൽ ആകെ രോഗബാധിതര്‍ 56

0
23

കുവൈറ്റ്: കോവിഡ് 19 കൊറോണ ലോകമെമ്പാടും ഭീതി പടർത്തുകയാണ്. ഗൾഫ് രാജ്യങ്ങളിലെല്ലാം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ കൊറോണ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കുവൈറ്റിലാണ്. 56 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ദിവസം മുമ്പുള്ള കണക്കാണിത്.

ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തത് ആശ്വാസം പകരുന്നുണ്ട്. ഇന്ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ.ബുത്താനിയ അൽ മുദ്ദഫ് അറിയിച്ചത്. രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കടുത്ത ആശങ്ക ജനങ്ങൾക്കിടയിൽ ഉയർന്നിരുന്നു. ഇത് അകറ്റാനായി ആരോഗ്യമന്ത്രാലയം അധികൃതർ എല്ലാ ദിവസവും വാർത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.

നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെന്നാണ് ഡോ. ബുത്താനിയ അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ പുതിയ കേസുകളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വൈറസ് സ്ഥിരീകരിച്ച ആളുകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവർ വ്യക്തമാക്കി.