‘ദൈവം’ കളമൊഴിഞ്ഞു

ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ്​ മരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്​തസ്രാവത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മറഡോണ രണ്ടാഴ്​ച മൻപ് ആശുപത്രി വിട്ടു . വീട്ടിൽ വിശ്രമിക്കവെയാണ് മരണം അദ്ദേഹത്തെ കവർന്നെടുത്തത്.

1986ൽ അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്ത മാറഡോണ വിശ്വ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായി. ചടുലമായ കേളീശൈലി കൊണ്ട്‌ ലോകത്തെ ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കി. അതുല്യ പ്രതിഭാ വൈഭവം കളത്തിൽ നിറച്ച ഡീഗോയെ അവർ ദൈവമെന്ന് വിളിച്ചു.

1982 മുതൽ 1994 വരെ 4 ലോകകപ്പുകളിൽ അർജന്റീനയ്‌ക്കായി കളിച്ചുവെങ്കിലും. 1986 ലോകകപ്പിൽ ഒറ്റയ്‌ക്ക്‌ അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു. ഈ ലോകകപ്പോടെയാണ്‌ മാറഡോണ ലോക ഫുട്‌ബോളിൽ സിംഹാസനം ഉറപ്പിച്ചത്‌.

ക്ലബ്ബിനും ദേശീയ കുപ്പായത്തിലും ഒരുപോലെ മികവുകാട്ടിയ കളിക്കാരനായിരുന്നു മാറഡോണ. അർജന്റീനയ്‌ക്കായി 106 കളിയിൽ 42 ഗോളും നേടി. 2010 ലോകകപ്പിൽ അർജന്റീന ടീമിന്റെ പരിശീലകനുമായിരുന്നു.

ബ്യൂണസ്‌ ഐറിസിലെ സാധാരാണ കുടുംബത്തിൽനിന്നായിരുന്നു മാറഡോണയെന്ന ഇതിഹാസത്തിന്റെ തുടക്കം. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ അത്ഭുത ഗോൾ ചരിത്രത്തിന്റെ ഭാഗമായി. ഇംഗ്ലീഷ്‌ താരങ്ങളെ വെട്ടിച്ച്‌ 60 മീറ്റർ ഓടിക്കയറി ലക്ഷ്യം കണ്ടപ്പോൾ അത്‌ നൂറ്റാണ്ടിന്റെ ഗോളായി കുറിക്കപ്പെട്ടു.