കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ച 9 വയസ്സുകാരിയായ മലയാളി പെൺ കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനാവാതെ അനാഥമായി മോർച്ചറിയിൽ കഴിയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനു അധികൃതരിൽ നിന്നും നേരത്തെ തന്നെ അനുമതി ലഭിക്കുകയും ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും രഹസ്യാന്വേഷണ വിഭാഗം തെളിവുകൾ ശേഖരിച്ചു വരികയാണു.ഇക്കാരണത്താൽ നിലവിലെ സാഹചര്യത്തിൽ ഇവർക്ക് രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിനു തടസ്സങ്ങൾ ഉണ്ട്. മാതാപിതാക്കളെ കൂടാതെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ അനൗചിത്യം കണക്കിലെടുത്ത് ഇക്കാര്യത്തിൽ നിസ്സഹായവസ്ഥയിലാണു പെൺകുടീയുടെ കുവൈത്തിലുള്ള മറ്റു ബന്ധുക്കൾ . ഇത് മൂലം പെൺ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ 9 ദിവസമായി ഫർവ്വാനിയ ദജീജിൽ ഉള്ള മോർച്ചറിയിൽ കഴിയുകയാണു.അതിനിടെ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുതിയ തലത്തിലേക്ക് നീങുകയാണു..ഇത് സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ഒരാഴ്ചയായി ഊർജ്ജിതമായ അന്വേഷണം നടത്തി വരികയാണു.മരണത്തിൽ അസ്വാഭാവികത ഉണ്ടെന്ന നിഗമനത്തിലാണു അന്വേഷണം പുരോഗമിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും ഫ്ലാറ്റിൽ ഷെയറിങ്ങിനു താമസിക്കുന്ന മലയാളികളായ രണ്ടു സ്ത്രീകളെയും സാൽമിയയിലെ കുറ്റാന്വേഷണ വിഭാഗം ആസ്ഥാനത്ത് കസ്റ്റഡിയിൽ എടുത്ത് നിരന്തരമായി ചോദ്യം ചെയ്തു വരികയാണു.കഴിഞ്ഞ മാസം 26നു രാത്രി കഴുത്തിൽ മുറിവേറ്റ പാടുമായാണു പെൺകുട്ടിയെ അബ്ബാസിയ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആംബുലൻസ് വഴി ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫ്ലാറ്റിലെ ശുചി മുറിയിൽ കഴുത്തു മുറുകി തൂങ്ങിയ നിലയിലാണു മകളെ കണ്ടെത്തിയത് എന്നാണു പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക വിവരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിനു അൽപ നേരം മുമ്പ് വരെ താൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാവിനെ ജോലി കഴിഞ്ഞു വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പുറത്തു പോയ സമയത്തിനിടയിലാണു അത്യാഹിതം സംഭവിച്ചത് എന്നും പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ ൽ രേഖപ്പെടുത്തിയിരുന്നു.ആത്മഹത്യ കേസ് ആയാണു പ്രാഥമിക അന്വേഷണത്തിൽ രേഖപ്പെടുത്തിയതെങ്കിലും കേവലം 9 വയസ് മാത്രം പ്രായമായ കുട്ടി ഇത്തരത്തിൽ ഒരു കൃത്യം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല.ഇതിനാൽ കുട്ടിയുടെ ആന്തരിക അവയവങ്ങൾ കൂടി ഫോറൻസിക് പരിശോധനക്ക് അയച്ച് ഫലം കാത്തിരിക്കുകയാണു അന്വേഷണ ഉദ്യോഗസ്ഥർ. സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സംഭവം നടന്ന കെട്ടിടത്തിൽ സംശയ കരമായ സാഹചര്യത്തിൽ കണ്ട മറ്റൊരു സ്ത്രീയേയും കഴിഞ്ഞ വ്യാഴാഴ്ച മുതൽ കസ്റ്റഡിയിൽ എടുത്തു മറ്റു മൂന്നു പേർക്കൊപ്പം ചോദ്യം ചെയ്തു വരികയാണു. കഴിഞ്ഞ ബുധനാഴ്ച രാത്രി കസ്റ്റഡിയിൽ കഴിയുന്നവരുമായി സംഭവം നടന്ന ഫ്ലാറ്റിൽ എത്തിയ അന്വേഷണ സംഘം വിശദമായ പരിശോധന നടത്തിയാണു തിരിച്ചു പോയത്. ഇതിനു ശേഷം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധു അടക്കം ആദ്യം കസ്റ്റഡിയിൽ എടുത്ത 3 പേരെയും ഞായറാഴ്ച വീണ്ടും ഹാജരാകണമെന്ന നിബന്ധനയിൽ വിട്ടയച്ചിരുന്നു. എന്നാൽ ഞായറാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായ ഇവരെ ഇത് വരെ വിട്ടയച്ചിട്ടില്ല. കുട്ടിയുടെ ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാൻ സാധിക്കുകയുള്ളൂ.മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാണു അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണു കേസിന്റെ വിശദാംശങ്ങൾ പുറത്ത് വിടാത്തത്. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം ലഭിക്കുന്നതോട് കൂടി വരും മണിക്കൂറുകളിൽ സംഭവത്തിലെ ദുരൂഹത നീക്കാൻ കഴിയുമെന്നാണു അന്വേഷണ സംഘം വിലയിരുത്തുന്നത്.
- Ismail Payyoli –