യുഎഇയിൽ ശക്തമായ മഴ: റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടു

ദുബായ്: യുഎഇയിൽ ജനജീവിതം ദുരിതത്തിലാക്കി ശക്തമായ മഴ തുടരുന്നു. മിക്ക എമിറേറ്റുകളിലും മഴ കനത്ത പെയ്യുന്നതിനാൽ റോഡ്-വ്യോമ ഗതാഗതം തകരാറിലായി. വെള്ളം കെട്ടി നില്‍ക്കുന്നതിനെ തുടർന്ന് ഷാർജ-ദുബായ് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റോടു കൂടിയ മഴയായതിനാൽ അപകട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

മഴ നിർത്താതെ പെയ്യുന്ന സാ‌ഹചര്യത്തിൽ വിമാന സർവീസുകളും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്. വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ‌മഴ കാരണം ദുബായ് ക്രീക്കിലെ ജല ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ‍‌

കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.