സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് നടമ്മൽ തറവാട് കുവൈത്ത് ചാപ്റ്റർ കുടുംബ സംഗമം

കുവൈത്ത്. മലബാറിലെ പുരാതന മുസ് ലിം കുടുംബമായ അബ്ബാസിൻറകത്ത് നടമ്മൽ തറവാടിലെ കുവൈത്തിലെ അംഗങ്ങൾ സംഘടിപ്പിച്ച കുടുംബസംഗമം പരസ്പരം സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിച്ച വേദിയായി മാറി. കോഴിക്കോട് ജില്ലയിലെ കാപ്പാടും, മലപ്പുറം ജില്ലയിലെ കൂട്ടായിയിലും കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുമായി മൂന്ന് ശാഖകളും ഉപശാഖകളിലുമായി 6000 ലധികം അംഗങ്ങളുള്ള കുടുംബമാണ് നടമ്മൽ തറവാട്. ഡിസന്പർ 28, 29 തിയ്യതികളിൽ കാപ്പാട് സംഘടിപ്പിക്കുന്ന രണ്ടാം കുടുംബ സംഗമത്തിൻറെ മുന്നോടിയായാണ് അംഗങ്ങൾ കുവൈത്തിൽ ഒത്ത്ചേർന്നതെന്ന് ബന്ധപ്പെട്ടവർ കുവൈത്തിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമൂതിരിയുടെ കാലത്ത് കോഴിക്കോട് എത്തിചേർന്ന ഒരു അറബി വ്യാപാരി ഒരു തദ്ദേശ സ്ത്രീയെ വിവാഹം ചെയ്യുകയും കാപ്പാട് അബ്ബാസിൻറകത്ത് നടമ്മൽ വീട് നിർമിച്ച് താമസിക്കുകയും പിന്നീട് ഒരു പ്രമുഖ കുടുംബമായി മാറിയതാണ് ചരിത്രം. പോർച്ചുഗീസുകാർക്കെതിരെ കുഞ്ഞാലി മരക്കാർ നയിച്ച സമരത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങളിൽ ചിലർ പിന്നീട് മലപ്പുറം ജില്ലയിലെ കൂട്ടായിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. അവിടെ അബ്ബാസിൻറകത്ത് നടമ്മൽ പാണ്ടികശാല എന്ന വീട് നിർമ്മിക്കുകയും അവിടത്തെ പ്രമുഖ തറവാട് ആയി മാറുകയും ചെയ്തു. തലശ്ശേരിയിലെ പ്രമുഖ തറവാട് ആയ നെട്ടൂര വീട്ടിൽ പൊന്നന്പത്ത് അംഗവും അറിയപ്പെട്ട കച്ചവടക്കാരനും കപ്പലോട്ടക്കാരനുമായ പവൻ പോക്കർ കൂട്ടായിയിലെ നടമ്മൽ തറവാട്ടിൽ വിവാഹം കഴിച്ചതോടെ ഈ തറവാട് തലശ്ശേരിയിലേക്കും വ്യാപിച്ചു.

2016 ൽ കാപ്പാട് സംഘടിപ്പിച്ച ഒന്നാം കുടുംബസംഗമത്തോടെ മലബാറിലെ വിവിധ ദേശങ്ങളിൽ താമസിക്കുന്ന കുടംബാംഗങ്ങളെ പരസ്പരം ഒന്നിപ്പിക്കാൻ തുടക്കം കുറിച്ചു. രണ്ടാം കുടുംബ സംഗമത്തിൽ 2500 ഓളം അംഗങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്ഘാടന സമ്മേളനം, കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള മെഡിക്കൽ കേന്പ്, പാചക മത്സരം,  കാരണവർക്കൊപ്പം, മണവാട്ടി ഫെസ്റ്റ്, പുതിയാപ്പിള ഫെസ്റ്റ്, ന്യൂ ജനറേഷൻ പ്രോഗ്രാം, ട്രസ്റ്റ് പരിചയപ്പെടുത്തൽ, ബോധവത്കരണ ക്ലാസ്, സോവനീർ പ്രകാശനം, പ്രതിഭകളെ ആദരിക്കൽ, കലാ പരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ബഹുമാനപ്പെട്ട എ.എൻ.പി.ഉമ്മർ കുട്ടി സാഹിബ് പരിപാടി ഉദ്ഘാടനം ചെയ്യും.  ജൌഹർ മുനവ്വർ, എൻ.പി.ഹാഫിസ് മുഹമ്മദ്, മറ്റു പൌരപ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും. തറവാടിലെ വിവിധ കുടുംബങ്ങൾ തങ്ങളുടെ സംഗമം നടത്തി. ഇതേ പോലെ ഗൾഫ് നാടുകളിലും സംഗമങ്ങൾ നടന്ന് വരുന്നു.  തറവാട്ടിലെ പാവപ്പെട്ടവർക്ക് വീട് വെക്കാനും രോഗികളായവരെ സഹായിക്കാനും പ്രത്യേകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി ഒരു ചാരിറ്റി ഫണ്ട് തന്നെ സ്വരൂപിച്ച് ഒരു വീടിൻറെ പണി ഇതിനകം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അബ്ദുറഊഫ് തലശ്ശേരി, അബ്ദുറസാഖ് തലശ്ശേരി, അബൂബക്കർ സിദ്ധീഖ് കൂട്ടായി, കെ.വി.നിസാർ എരഞ്ഞിക്കൽ, മുഹമ്മദ് അസ് ലം കാപ്പാട്, മെഹബൂബ് കാപ്പാട്, യൂസുഫ് പുറക്കാട്ടിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.