യുഎപിഎ നിഷ്‌പക്ഷമായ അന്വേഷണം നടത്തും: ഡിജിപി

യുഎപിഎ പ്രകാരം കോഴിക്കോട് രണ്ടു പേർ അറസ്റ്റിലായ സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ. ഇതിന് ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര മേഖലാ ഐജിക്കും നിർദ്ദേശം നൽകി.

ഇപ്പോൾ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകൾ ശേഖരിച്ച് വിശദമായി അന്വേഷിച്ചശേഷം യുഎപിഎ ചുമത്തിയത് നിലനിൽക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും ‐ ബെഹ്‌റ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് പോലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് സിപിഎം നേതാക്കള്‍. യുഎപിഎ ചുമത്തിയതില്‍ പോലീസിന് തെറ്റുപറ്റിയെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. സിപിഎം അലനും താഹയ്‍ക്കുമൊപ്പമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, സിപിഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെ വിജയരാഘവന്‍ വിമര്‍ശിച്ചു. തോക്കേന്തി നടക്കുന്നത് കാട്ടില്‍ പുല്ല് പറിക്കാനല്ലെന്നും നാട്ടിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.