റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങി വരവെയുണ്ടായ വാഹനാപകടത്തിൽ മരിച്ച മാഹി സ്വദേശികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി. മാഗി സ്വദേശി ഷമീം (40), സുഹൃത്തിന്റെ മകനായ നാലു വയസുകാരന്‍ അര്‍ഹാം എന്നിവരുടെ മൃതദേഹങ്ങളാണ് റിയാദ് എക്സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ നസീം മഖ്ബറയിൽ ഖബറടക്കിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. മരിച്ച ഷമീമിന്റെയടക്കം രണ്ട് കുടുംബങ്ങൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഷമീമിന്റെ കുടുംബവും സുഹൃത്തായ അമീനും കുടുംബവുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഷമീമും അമീനിന്റെ മകൻ അർഹാമും സംഭവസ്ഥലത്ത് മരിച്ചു. ഷമീമിന്റെ ഭാര്യയും റിയാദിലെ എരിത്രിയൻ സ്‌കൂളിലെ അധ്യാപികയുമായ അഷ്മില, അമീനിന്റെ ഭാര്യ ഷാനിബ എന്നിവർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവരെ റിയാദിലെ ശുമൈസി ജനറൽ ആശുപ്രത്രിയിൽ ചികിത്സയിലാണ്.
ചികിത്സയിൽ കഴിയുന്ന ഇരുവരെയും ആശുപത്രിക്കിടക്കയിൽ നിന്നെത്തിച്ച് പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അവസാനമായി കാണിച്ചിരുന്നു.