വിദേശത്ത് വാഹനം ഓടിക്കാന്‍ മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ മതി: പുതിയ നീക്കവുമായി സർക്കാർ

തിരുവനന്തപുരം: ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസന്‍സ് നേടാൻ ഇനി മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ മതി. രാജ്യത്തെ ആദ്യ ഇന്‌‍റർനാഷണൽ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ മലപ്പുറത്ത് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. വേങ്ങരയിൽ ഇൻകല്‍ വ്യവസായ പാർക്കിനോട് ചേർന്നുള്ള 25 ഏക്കർ സ്ഥലത്താകും ട്രെയിനിംഗ് സെന്റർ.

ഷാർജാ മാതൃകയിൽ ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ കേരളത്തിലും വേണമെന്ന നിര്‍ദേശം കേരള സർക്കാർ തന്നെയാണ് മുന്നോട്ട് വച്ചത്. ഈ നിർദേശം ഷാർജ സർക്കാർ അംഗീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേത‍ൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനവും ഉണ്ടായി. ‌‌പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും

മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ് ആന്റ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) സെന്ററിന്റെ നടത്തിപ്പ് ചുമതല. ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി ആവശ്യമായ മേല്‍നോട്ടം നിര്‍വഹിക്കും.ഇവിടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇതുവഴി ലഭിക്കും.